ആരാച്ചാർ | Aarachaar

 

ബംഗാൾ പശ്ചാത്തലമാക്കിയ നോവൽ, പരമ്പരകളായി വധശിക്ഷനടപ്പാക്കൽ തൊഴിലാക്കിയ ഒരു കുടുംബത്തിന്റെ കഥപറയുന്നു. നോവലിലെ കേന്ദ്ര കഥാപാത്രമായ ചേതന, തന്റെ പരമ്പരാഗത തൊഴിൽ സ്വായത്തമാക്കാനായി തീവ്രപ്രയത്നം ചെയ്യുന്ന ശക്തയായ ഒരു സ്ത്രീയാണ്. 22 വയസുകാരിയായ ചേതനയുടെ കുടുംബത്തിന്റെ തൊഴിൽ ചരിത്രം 440 BCE വരെ നീണ്ടുകിടക്കുന്നതാണ്. തൊഴിലിനെ സംബന്ധിച്ച് അഹങ്കാരത്തോടടുത്തുനിൽക്കുന്ന ആത്മപ്രതാപം കൊണ്ടുനടക്കുന്ന പ്രസ്തുതകുടുംബത്തിലേക്ക് പുതിയൊരു വധശിക്ഷ കടന്നുവരുമ്പോൾ‌, 451 പേരെ കാലപുരിക്ക് കൈപിടിച്ചയച്ചിട്ടുള്ള 88 വയസായ ചേതനയുടെ പിതാവ് തൊഴിലെടുക്കാനാവാത്ത വിധം വാർദ്ധക്യബാധിതനാണ്. കൈയും കാലും മുറിച്ചുമാറ്റപ്പെട്ട സഹോദരനാലും ഈ തൊഴിലെടുക്കാനാവില്ല. ബാക്കിയുള്ളത് ചേതനയാണ്. ജനിക്കുമ്പോൾത്തന്നെ പൊക്കിൾക്കൊടിയാൽ കുരുക്കുതീർത്തുകൊണ്ട് പുറത്തെത്തിയ ചേതനയുടേത് ആരാച്ചാരുടെ രക്തമാണ്. രാജഭരണത്തിലും ബ്രിട്ടീഷ് ഭരണത്തിലും തിരക്കേറിയ തൊഴിൽ ആയിരുന്നു ആരാച്ചാരുടെത്. എന്നാൽ ജനാധിപത്യത്തിൽ തൂക്കിക്കൊലകൾ കുറഞ്ഞതോടെ ദാരിദ്ര്യത്തിൽ ആയ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ വഴിയില്ലാതെ നിൽക്കുമ്പോൾ വീണു കിട്ടുന്ന ഒരു വധശിക്ഷയെ പരമാവധി ഉപയോഗിച്ചു പണമുണ്ടാക്കാനും ചേതനയ്ക്ക് ഒരു ജോലി തരപ്പെടുത്തുവാനും ചേതനയുടെ അച്ഛൻ ശ്രമിക്കുന്നു. ഇന്ത്യയിൽ, അല്ലെങ്കിൽ ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ആരാച്ചാർ എന്ന് ചേതനയെ ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. വധശിക്ഷയും അതിനെതിരെയും അനുകൂലമായും ഉള്ള ശബ്ദങ്ങളും വധശിക്ഷയെ മുതലെടുക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും നോവലിലെ പ്രമേയങ്ങളാണ്.
Categories:
Similar Books

0 comments: